കൊച്ചി: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാന സർക്കാര്ർ അറിയിച്ചു. നോ‍ർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. 

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിർദേശത്തിന് മറുപടിയായാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 

അതിഥി തൊഴിലാളികൾക്കെല്ലാം സൗജന്യയാത്രയും ക്വാറൻ്റൈൻ സൗകര്യവും ഉറപ്പാക്കണം എന്ന് നേരത്തെ സുപ്രീംകോടതി നി‍ർദേശിച്ചിരുന്നു. ഈ ആനുകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൂടി ലഭ്യമാക്കി കൂടെ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. എന്നാൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന ആനൂകൂല്യങ്ങൾ പ്രവാസികൾക്ക് ബാധകമല്ല എന്നാണ് സ‍ർക്കാ‍ർ ഇപ്പോൾ വ്യക്തമാക്കുന്നത്.