റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം നല്ല തോതിൽ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തിൽ താഴെയാണ്. നാല്  മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. പുതുതായി 910 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1226 രോഗികൾ സുഖം  പ്രാപിച്ചു. 

അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോഴും രണ്ടക്കത്തിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ ആകെ  റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,14,821 ആയി. ഇതിൽ 2,89,667 പേരും രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92 ശതമാനമായി  ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,284 ആയി കുറഞ്ഞു. ഇതിൽ 1,545 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

ആകെ കൊവിഡ് മരണസംഖ്യ 3870 ആയി ഉയർന്നു. റിയാദ് 3, ജിദ്ദ 1, മക്ക 10, ഹുഫൂഫ് 4, ത്വാഇഫ് 3, മുബറസ്  3, ഹാഇൽ 1, ജീസാൻ 3, ബീഷ 1, ഖുൻഫുദ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്  ചെയ്തത് മക്കയിലാണ്, 66. ജിദ്ദയിൽ 64ഉം റിയാദിൽ 45ഉം മദീനയിൽ 41ഉം തബൂക്കിൽ 39ഉം ജീസാനിൽ 36ഉം ഹുഫൂഫിൽ 30ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.  ഞായറാഴ്ച രാജ്യത്ത് 37,466 കോവിഡ് ടെസ്റ്റുകൾ നടത്തി. ആകെ ടെസ്റ്റുകളുടെ എണ്ണം 5,063,593 ആയി.