റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വർധനവ്. വ്യാഴാഴ്ച 1402 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കും ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 35 പേരാണ് മരിച്ചത്. എന്നാൽ രോഗമുക്തി നിരക്ക് കുറയാതെ തുടരുന്നു എന്നതാണ് ആശ്വാസം. 87 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 

1775 പേരാണ് വ്യാഴാഴ്ച സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,47,089 ആയി. രോഗബാധിതരുടെ ആകെ എണ്ണം 2,84,226ഉം ആകെ മരണസംഖ്യ 3,055ഉം ആണ്. 34,082 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1915 പേർ ഗുരുതരാവസ്ഥയിലാണ്. 

റിയാദ് 2, ജിദ്ദ 6, മക്ക 9, ദമ്മാം 2, ഹുഫൂഫ് 5, മദീന 1, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, വാദി ദവാസിർ 1, ഉനൈസ 1, മഹായിൽ 1, അഹദ് റുഫൈദ 1, അബൂഅരീഷ് 1, സബ്യ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ നടത്തിയ 55,566 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം കൊവിഡ് പരിശോധനകളുടെ എണ്ണം 36,35,705 ആയി.