Asianet News MalayalamAsianet News Malayalam

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്; നിയന്ത്രണങ്ങളില്‍ ചില ഇടത്ത് ഇളവ്

യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സൗദി അനുവാദം നല്‍കിയപ്പോള്‍, യുഎഇയില്‍ ഷോപ്പിങ് മാളുകള്‍ തുറക്കുകയും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

number of covid cases to cross fifty thousand in gulf region
Author
Dubai - United Arab Emirates, First Published Apr 28, 2020, 10:57 AM IST

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. ഇതുവരെ 276 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.  കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം പല ഗള്‍ഫ് രാജ്യങ്ങളും റമദാനോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 49,954 ആയി. ഇതിനോടകം 276 പേര്‍ മരിക്കുകയും ചെയ്തു. 

യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സൗദി അനുവാദം നല്‍കിയപ്പോള്‍, യുഎഇയില്‍ ഷോപ്പിങ് മാളുകള്‍ തുറക്കുകയും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ സൗദി അറേബ്യയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 18,811 പേര്‍ക്ക് സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ മരണപ്പെടുകയും ചെയ്തു. 11,244 രോഗികളാണ് ഖത്തറിലുള്ളത്. 10 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. യുഎഇയില്‍ 10839 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇവരില്‍ 82 പേര്‍ മരിച്ചു.

കുവൈത്തിലെ രോഗികളുടെ എണ്ണം 3288 ആയി. ഇവരില്‍ പകുതിയിലധികവും ഇന്ത്യക്കാരാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയുടെ പ്രത്യേക മെഡിക്കല്‍ സംഘവും ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. 22 പേരാണ് കുവൈത്തില്‍ ഇതുവരെ മരിച്ചത്. ബഹ്റൈനില്‍ 2723 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2049 രോഗികളുള്ള ഒമാനില്‍ 10പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Follow Us:
Download App:
  • android
  • ios