റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗവ്യാപന നിരക്ക് വളരെ കുറഞ്ഞു. പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം തുടർച്ചയായി കുറയുകയാണ്. കഴിഞ്ഞ ഒന്നര  മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 1629 പേർക്ക് മാത്രമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം  ഉയർന്നുനിൽക്കുന്നത് തുടരുകയും ചെയ്യുന്നു. 

2,629 പേർക്കാണ് പുതിയതായി രോഗമുക്തിയുണ്ടായത്. 26 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ആകെ  രോഗബാധിതരുടെ എണ്ണം 2,74,219ഉം ആകെ രോഗമുക്തരുടെ എണ്ണം 2,31,198ഉം ആയി. ആകെ മരണ സംഖ്യ 2842 ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 84.2  ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,179 ആയി കുറഞ്ഞു. ഇതിൽ 2044 പേരുടെ നില ഗുരുതരമാണ്. ഇവർ  തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ് - 7, ജിദ്ദ - 5, ദമ്മാം - 1, ത്വാഇഫ് - 3, ബുറൈദ - 2, ഹാഇൽ - 1, ജീസാൻ - 1, അൽറസ് - 1, അറാർ - 1, സബ്യ - 1, സകാക - 2, ഹുത്ത ബനീ തമീം - 1  എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,961 കോവിഡ് പരിശോധനകള്‍ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ  എണ്ണം 32,89,692 ആയി.