റിയാദ്​: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം തുടര്‍ച്ചയായ നാലാം വര്‍ഷവും കുറഞ്ഞു. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്​തു. കഴിഞ്ഞ വര്‍ഷം അവസാന മൂന്നുമാസത്തെ കണക്കുകളിലാണ്​ ഈ വിവരമുള്ളത്​.

വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പടുത്തിയിയിരിക്കുന്നത്​. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസാണ്​ (ഗോസി) കണക്കുകള്‍ പുറത്തുവിട്ടത്​.

ഗോസി റിപ്പോർട്ട്​ പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ 64.38 ലക്ഷം പേരും വിദേശികളാണ്​. 17.1 ലക്ഷം പേര്‍​ സ്വദേശികളും. എന്നാൽ മുൻവർഷങ്ങളിലേതിനെക്കാൾ വളരെ കുറഞ്ഞിരിക്കുന്നു വിദേശികളുടെ എണ്ണം. ഒരു വര്‍ഷത്തിനിടെ മാത്രം 4,57,623 വിദേശി ജീവനക്കാർ ജോലി നഷ്​ടപ്പെട്ട് രാജ്യം വിട്ടുപോയി. എന്നാൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലത്തിനിടെ 0.12 ശതമാനത്തി​െൻറ കുറവുണ്ടായി. 3,369 സ്വദേശി ജീവനക്കാർ സ്വകാര്യ തൊഴിൽ മേഖല വിട്ടു.

സ്വദേശി ജീവനക്കാരില്‍ 67.1 ശതമാനം പുരുഷന്മാരും 32.9 ശതമാനം പേര്‍ വനിതകളുമാണ്​. രാജ്യത്തെ മൊത്തം വനിതാ ജീവനക്കാരുടെ എണ്ണത്തിലും പുരുഷന്മാരുമായുള്ള അനുപാതത്തിലും ഗണ്യമായ വളർച്ചയാണ്​ ഉണ്ടായിരിക്കുന്നത്​. 2019ലെ ആ കണക്ക്​ റെക്കോർഡുമാണ്​. വിദേശ തൊഴിലാളികളുടെ എണ്ണം 2016 മുതല്‍ തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്​. ഓരോ വർഷം കഴിയുന്തോറും ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്​. വിദേശി തൊഴിലാളികളില്‍ 96.5 ശതമാനം പുരുഷന്മാരും 3.5 ശതമാനം സ്ത്രീകളുമാണ്​.