കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,65,306 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,71,315 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാവുന്നത്. ഇന്ന് 957 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,538 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,65,306 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,71,315 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,08,824 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,289 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 60,202 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,165 ഡോസ് കൊവിഡ് വാക്സിനാണ് യുഎഇയില്‍ നല്‍കിയത്. രാജ്യത്ത് ഇതുവരെ 23,937,141 ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 100 പേര്‍ക്ക് 242.02 ഡോസ് എന്ന നിലയിലാണ് രാജ്യത്ത് വാക്സിനേഷന്‍ നിരക്ക്.
യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വന്നത്. പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്‍ച കാണിക്കാതെ സമൂഹത്തിലെ ഓരോരുത്തരും ശ്രദ്ധിച്ചത് കൊണ്ടാണ് രോഗബാധിതരുടെ എണ്ണം താഴേക്ക് കൊണ്ടുവാരാന്‍ സാധിച്ചതെന്ന് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളില്‍ പരമാവധി ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകള്‍ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകള്‍ പരമാവധി ശേഷിയില്‍ ഫെബ്രുവരി 15 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസോ അല്ലെങ്കില്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.
പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ തമ്മില്‍ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കില്‍ മറ്റ് നിബന്ധനകള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
നിബന്ധനകളില്‍ ഇളവ് വരുത്തുന്നുണ്ടെങ്കിലും വ്യക്തിഗത കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‍ക് ധരിക്കല്‍, സാമൂഹിക അകലം, സാനിറ്റൈസേഷന്‍ എന്നിവ ജനങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. വിവിധ സ്ഥലങ്ങളില്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
