ലണ്ടന്‍: ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ എട്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും 10 കുഞ്ഞുങ്ങളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സിനെതിരെ കുറ്റം ചുമത്തിയതായി പൊലീസ്. 30കാരിയായ നഴ്‌സ് ലൂസി ലെറ്റ്‌ബൈ ആണ് അറസ്റ്റിലായത്. മൂന്നാം തവണയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ അറസ്റ്റിലാകുന്നത്. 

2015 ജൂണിനും 2016 ജൂണിനുമിടയിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ നവജാത ശിശു വിഭാഗത്തില്‍ നിരവധി കുഞ്ഞുങ്ങള്‍ അസ്വാഭാവികമായി മരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സ് അറസ്റ്റിലാകുന്നത്. 2018ലും 2019ലും ഇവര്‍ അറസ്റ്റിലായിരുന്നെങ്കിലും അന്ന് കുറ്റം ചുമത്താതെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ നഴ്‌സിനെതിരെ കൊലക്കുറ്റം ചുമത്തി. ഓണ്‍ലൈന്‍ വഴി നഴ്‌സിനെ വാറിങ്ടണ്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ വ്യാഴാഴ്ച ഹാജരാക്കി. ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ലൂസിയെ വെള്ളിയാഴ്ച ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.