Asianet News MalayalamAsianet News Malayalam

രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന മലയാളി യുവതിയെ ക്രൂരമായി മര്‍ദിച്ചത് മോഷണശ്രമം ചെറുത്തതിനാലെന്ന് പ്രതി

താന്‍ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പ്രതിരോധിക്കുയും ബഹളംവെച്ച് ആളുകളെ കൂട്ടുകയും ചെയ്തതോടെ ഓടി രക്ഷപെടുകയായിരുന്നുവെന്നുമാണ് പ്രതി പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. 

Nurses attacker was trying to snatch her bag  bahrain prosecution reveals
Author
Manama, First Published Feb 23, 2020, 3:24 PM IST

മനാമ: ബഹ്റൈനിലെ സല്‍മാനിയയില്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന മലയാളി നഴ്‍സിനെ ആക്രമിച്ചത് ബാഗ് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയെന്ന് പ്രതിയുടെ മൊഴി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്ന 32കാരിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

താന്‍ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി പ്രതിരോധിക്കുയും ബഹളംവെച്ച് ആളുകളെ കൂട്ടുകയും ചെയ്തതോടെ ഓടി രക്ഷപെടുകയായിരുന്നുവെന്നുമാണ് പ്രതി പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ മോഷണ ശ്രമത്തിനും ശാരീരിക ഉപദ്രവത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 

രാത്രി 10.50ന് ജോലി കഴിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നുവരവെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള റോഡിലായിരുന്നു സംഭവം. അല്‍പനേരം യുവതിയെ പിന്തുടര്‍ന്ന അക്രമി, പെട്ടെന്ന് യുവതിയെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് ദാരുണമായി മര്‍ദിക്കുകയും യുവതിയുടെ തല നിലത്ത് ഇടിക്കുകയും ചെയ്തു. മുടിയില്‍ പിടിച്ചുവലിച്ച് സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് വാഹനത്തിലും ഇടിച്ചു. യുവതിയുടെ  ബഹളം കേട്ട് പരിസരത്തുനിന്നും ആളുകള്‍ ഓടിയെത്താന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപെട്ടു.

 ആക്രമണത്തിനിരയായ യുവതിക്ക് വയറ്റിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഡിസ്‍ചാര്‍ജ് ചെയ്തു. അക്രമിയെ പരിചയമില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിനൊപ്പം 2012 മുതല്‍ ബഹ്റൈനില്‍ താമസിച്ചുവരികയായിരുന്ന മലയാളി യുവതിക്കാണ് മര്‍ദനമേറ്റത്.

Follow Us:
Download App:
  • android
  • ios