19 വാര്‍ഡുകളുള്ള തിരുവമ്പാടി പഞ്ചായത്തില്‍ എൽ ഡി എഫ് ഒന്‍പത് സീറ്റും യു ഡി എഫ് ഒന്‍പത് സീറ്റും നേടി തുല്യതയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയം പൊന്നും വിലയുള്ളതായത്

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്ക് പരിഹാരം. ഒന്‍പത് വീതം സീറ്റുകളില്‍ എൽ ഡി എഫും യു ഡി എഫും വിജയിച്ച സാഹചര്യത്തിൽ ഏറെ നിർണായകമായിരുന്ന വിമതൻ, നിലപാട് വ്യക്തമാക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. കോണ്‍ഗ്രസിലെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ജിതിന്‍ പല്ലാട്ട്, ഒടുവിൽ കോൺഗ്രസിന് തന്നെ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പഞ്ചായത്തിന്‍റെ അധ്യക്ഷ പദം ഉറപ്പിച്ച ശേഷമാണ് ജിതിൻ, പിന്തുണ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് വർഷം പ്രസിഡന്‍റ് ആക്കാം എന്ന ധാരണയിൽ ആണ് പിന്തുണ. 19 വാര്‍ഡുകളുള്ള തിരുവമ്പാടി പഞ്ചായത്തില്‍ എൽ ഡി എഫ് ഒന്‍പത് സീറ്റും യു ഡി എഫ് ഒന്‍പത് സീറ്റും നേടി തുല്യതയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജിതിന്റെ വിജയം പൊന്നും വിലയുള്ളതായത്.

പാർട്ടിയിലും തിരിച്ചെടുക്കും?

പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നുമാണ് ജിതിന്‍ മത്സരിച്ച് ജയിച്ചത്. ഇവിടെ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു. വാര്‍ഡില്‍ നിന്നും 20 കിലോമീറ്ററോളം ദൂരത്ത് താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ജിതിന്‍ നേതൃത്വത്തെ അനുസരിക്കാതെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കൈപ്പത്തി ചിഹ്നം ലഭിക്കാത്തതിനെത്തുടർന്ന് തുടര്‍ന്ന് തനിക്ക് അനുവദിച്ച ടെലിവിഷന്‍ ചിഹ്നത്തിലാണ് വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചത്. മത്സരഫലം പറത്തുവന്നപ്പോള്‍ അഞ്ഞൂറിലേറെ വോട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു. നേതൃത്വത്തെ ധിക്കരിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ ഡി സി സി ജിതിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ ജിതിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് ഉറപ്പാണ്.