ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരു പാസില്‍ ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി യുഎഇ. ഇതു സംബന്ധിച്ച് സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സില്‍ എടുത്ത നടപടികള്‍ സ്മാര്‍ട് ദുബായ്  അധികൃതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഭാഗമാണ് സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സില്‍.  

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒറ്റ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാവും യുഎഇ പാസ് എന്ന് സ്മാര്‍ട് ദുബായ് ഡയറക്ടര്‍ ജനറല്‍ ഡോ അയിഷ ബിന്ത് ബൂട്ടി ബിന്‍ ബിഷര്‍ വ്യക്തമാക്കി. സ്മാര്‍ട് ഫോണ്‍ വഴി ലഭിക്കുന്ന ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ് യുഎഇ പാസ്. ഔദ്യോഗിക സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിടാനും ഇതിലൂടെ സാധിക്കും. ഒരു യൂസര്‍ നെയിമും പാസ്‍‍‍വേഡും ഉപയോഗിച്ച് അയ്യായിരത്തിലധികം സര്‍ക്കാര്‍ സേവനങ്ങളാണ് ലഭ്യമാകുന്നത്.

ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റ് ഡവലപ്‌മെന്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട് ദുബായ് നടപ്പാക്കുന്ന നൂറുദിന പരിപാടിയായ 'ദി ഡിജിറ്റല്‍ ഫ്യൂച്ചര്‍' ഇനിഷ്യേറ്റീവിലെ പ്രധാനപ്പെട്ടതാണ് യുഎഇ പാസ്.