Asianet News MalayalamAsianet News Malayalam

വരുമാനം നിലച്ചതിനിടെ വന്‍ തുക ടിക്കറ്റ് ചാര്‍ജും; പ്രവാസികളോട് കേന്ദ്രം ക്രൂരത കാട്ടുകയാണെന്ന് ഒഐസിസി

ജോലിയും വരുമാനവും നിലച്ച പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ യാത്രാ ടിക്കറ്റ് നല്‍കുവാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ഒഐസിസി.

oicc against central government over expatriates flight ticket charge
Author
Manama, First Published May 6, 2020, 1:55 PM IST

മനാമ : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണെന്ന വിമര്‍ശനവുമായി ഒഐസിസി ദേശീയ കമ്മറ്റി.ഇപ്പോള്‍ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതില്‍ താഴെയോ ഉള്ള ടിക്കറ്റ് നിരക്കില്‍ വിദേശ രാജ്യങ്ങളിലെ വിമാനങ്ങള്‍ ആളുകളെ നാട്ടില്‍ എത്തിക്കാന്‍ തയ്യാറായിട്ടും  ചില രാജ്യങ്ങള്‍ സൗജന്യമായി പോലും പ്രവാസികളെ നാട്ടിലെത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ലെന്ന് ഒഐസിസി പറഞ്ഞു.

ഇതിനായി എയര്‍പോര്‍ട്ടുകള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. മുന്‍ കാലങ്ങളില്‍ പലപ്പോഴും ഇതിന്റെ പകുതിയില്‍ താഴെ മാത്രം തുക മുടക്കി ആളുകള്‍ക്ക് യാത്ര ചെയ്യുവാന്‍ അവസരം ഉണ്ടായിട്ടുള്ളതാണ്. കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവാസിസംഘടനകളും മറ്റ് മനുഷ്യ സ്‌നേഹികളും നല്‍കുന്ന ഭക്ഷണം കഴിച്ചുജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തുക മുടക്കി നാട്ടില്‍ പോകാന്‍ സാധിക്കില്ലെന്ന് ഒഐസിസി കൂട്ടിച്ചേര്‍ത്തു.  

കമ്പനികള്‍ പലതും അടച്ചിരിക്കുകയാണ്. ജോലിക്കാര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടുമില്ല.  സന്ദര്‍ശക വിസയില്‍ എത്തിയിട്ടുള്ള ആളുകള്‍ തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത്.  അങ്ങനെയുള്ള ആളുകള്‍ അടച്ച ടിക്കറ്റ് ചാര്‍ജ് തിരികെ വാങ്ങി കൊടുക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

അടിയന്തിര ചികിത്സ ആവശ്യമുള്ള അനേകം ആളുകളുണ്ട്. നാട്ടില്‍ എത്തിച്ചു തുടര്‍ ചികിത്സ നടത്തിയെങ്കില്‍ മാത്രമേ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ പ്രഖ്യാപിച്ച തുക സ്വന്തമായി മുടക്കാന്‍ സാഹചര്യം ഇല്ലാത്ത  ആളുകള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും എംബസികളില്‍ ഉള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഇത് പോലെയുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം,  ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ ആവശ്യപ്പെട്ടു. അങ്ങനെ സാധിക്കാത്ത പക്ഷം വിദേശ രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് യാത്രാ അനുമതി നല്‍കണമെന്നും ഇവര്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios