മസ്കത്ത്: ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും അപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഇത് തുടരാനും സാധ്യതയുണ്ട്.

മാര്‍ച്ച് 22 മുതല്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുകയാണെന്നും മാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ 01246421111 എന്ന നമ്പറിലോ അല്ലെങ്കില്‍ ബുക്കിങ് ഓഫീസുകളിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും വിവരങ്ങള്‍ അറിയിക്കും.