ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി അറിയിച്ച ജയശങ്കർ, യുഎഇയുടെ പരമാധികാരത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. 

അബുദാബി: യുഎഇയിലും ​ഗൾഫ് രാജ്യങ്ങളിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കിയതിന് ജയശങ്കർ യുഎഇയോട് നന്ദി അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം അത്മവിശ്വാസവും പ്രകടിപ്പിച്ചു.

പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷ, ആഗോള നാവിക ഗതാഗതം, ഊര്‍ജ്ജ വിതരണം, ലോക സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ ഈ ആക്രമണങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും പങ്കുവെച്ചു. യു.എ.ഇയുടെ പരമാധികാരം, പ്രദേശിക അഖണ്ഡത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും എസ് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇ സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തി. പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രവാസികൾക്ക് അത്യാവശ്യ സേവനങ്ങൾ എത്തിക്കുന്നതിനായി അൽ ഐനിലെ ഇന്ത്യൻ സോഷ്യൽ സെന്ററിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

Scroll to load tweet…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഇരു നേതാക്കളും മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.എക്സിലെ പോസ്റ്റിലൂടെയാണ് ജയശങ്കർ ഈ കാര്യങ്ങൾ പങ്കുവെച്ചത്. പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം യുഎഇയിലെ നേതാക്കൾ തമ്മിലും കൂടിക്കാഴ്ചകൾ നടന്നിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ആയിരുന്നു കൂടിക്കാഴ്ച നടത്തിയിരുന്നത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിച്ച നേതാക്കൾ രാജ്യത്തെ വിവിധ സൈനിക-സിവിൽ സ്ഥാപനങ്ങളും ടീമുകളും നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. യുഎഇക്ക് നേരെ നടന്ന ഇറാനിയൻ ഭീകരാക്രമണങ്ങളെ നേരിടുന്നതിൽ സായുധ സേനയും സുരക്ഷാ ഏജൻസികളും കാഴ്ചവെച്ച ഫലപ്രദമായ ഇടപെടലുകളെയും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലെ അവരുടെ പ്രയത്നങ്ങളെയും നേതാക്കൾ അഭിനന്ദിക്കുകയും ചെയ്തു.

രാജ്യം ഈ പ്രതിസന്ധിയെ കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി അതിജീവിച്ചതായി നേതാക്കൾ വിലയിരുത്തി. കാര്യക്ഷമതയിലൂടെയും സമൂഹത്തിന്റെ ഐക്യത്തിലൂടെയും ഏത് വെല്ലുവിളിയെയും നേരിടാൻ യുഎഇക്ക് കഴിയുമെന്ന് നേതാക്കൾ പറഞ്ഞു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഒന്നാം ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങി നിരവധി ഷെയ്ഖുമാരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.