മസ്‍കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ പ്രവർത്തനം തുടങ്ങാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് കമ്പനി അറിയിച്ചു. യാത്രയ്ക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ഒമാൻ സുപ്രിം കമ്മറ്റിയുടെ അനുവാദം ലഭിച്ചാലുടൻ  പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നും ഒമാൻ  എയർപോർട്ട് കമ്പനി അറിയിച്ചു.

സെല്‍ഫ് സര്‍വീസ് രീതിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സംവിധാനങ്ങളാണ് യാത്രക്കാർക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതുമൂലം   രോഗവ്യാപന സാധ്യത പൂർണമായും ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ  വക്തമാക്കി. വിമാനത്താവളത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ലഗേജ് ട്രോളികൾ, മൊബൈൽ ഫോണുകള്‍ എന്നിവയടക്കം അണുവിമുക്തമാക്കും. എല്ലാ യാത്രക്കാരുടെയും ശരീര താപനിലയും പരിശോധിക്കും. വിമാനത്താവള സംവിധാനങ്ങളിൽ തുടർച്ചയായ സ്റ്റെറിലൈസേഷൻ ഉറപ്പാക്കും. ഇതോടൊപ്പം സെൽഫ് സർവിസ് ചെക് ഇൻ സംവിധാനങ്ങളുമുണ്ടാകും. ചെക് ഇൻ ലഗേജുകളും അണുമുക്തമാക്കും.

ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി ചെക് ഇൻ കൗണ്ടറുകളിൽ ഗ്ലാസ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആരോഗ്യത്തിനും  സുരക്ഷക്കും മുൻഗണന നൽകിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും വിമാനത്താവള കമ്പനി അധികൃതർ  അറിയിച്ചു.