സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. അൽ ബർഖാ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാർ ഒപ്പുവെച്ചതിന് സാക്ഷ്യം വഹിച്ചു.
മസ്കറ്റ്: ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിൽ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്.
അൽ ബർഖാ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാർ ഒപ്പുവെച്ചതിന് സാക്ഷ്യം വഹിച്ചു.
വ്യാപാര–നിക്ഷേപ ബന്ധങ്ങൾക്ക് ഉത്തേജനം
ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വർധിപ്പിക്കുകയാണ് സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പ്രധാന ലക്ഷ്യം. ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതം ലളിതമാക്കുന്നതിനൊപ്പം, ഊർജം, സാങ്കേതികവിദ്യ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുന്നതാണ് കരാർ.
തന്ത്രപ്രധാന മേഖലകളിൽ വിപുലമായ സഹകരണം
ഊർജ സുരക്ഷ, നൂതന സാങ്കേതിക വികസനം, വ്യവസായ ഉൽപ്പാദനം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനും സാമ്പത്തിക വളർച്ചയ്ക്ക് ഊർജം നൽകാനും ഈ കരാർ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഒമാൻ സർക്കാരിനെ പ്രതിനിധീകരിച്ച് വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വാണിജ്യ–വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കരാറിൽ ഒപ്പുവെച്ചു.


