മസ്‍കത്ത്: ന്യൂനമർദ്ദത്തിന്റെ  ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും ജനങ്ങൾ  ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നല്‍കി.

ന്യൂനമർദ്ദം നാളെ മുതൽ ഒമാനെ  ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ  ശക്തമായ കാറ്റോടുകൂടി മഴ പെയ്യും. തിങ്കളാഴ്ച വരെ ഈ കാലാവസ്ഥ  തുടരുമെന്നാണ്  റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മുസന്ദം ഗവർണറേറ്റിൽ നിന്ന് മഴ ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ  മേഖലകളിലെല്ലാം മഴപെയ്യാൻ സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനു കടലിൽ പോകുന്നവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ  വാദികൾ മുറിച്ചു കടക്കുന്നതും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് സിവിൽ ഏവിയേഷൻ  അതോറിറ്റി  അറിയിച്ചിട്ടുണ്ട്.