മസ്‌കറ്റ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ ശ്മശാനത്തിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് ഒമാന്‍. സഹോദര രാജ്യമായ സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ ശ്മശാനത്തിലുണ്ടായ പാപകരമായ ആക്രമണത്തില്‍ നിരവധി നിഷ്‌കളങ്കരായ ആളുകള്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ രാജ്യം അപലപിക്കുന്നെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിഷ്‌കളങ്കരായ ആളുകളെ ലക്ഷ്യം വെച്ചുള്ള, അവര്‍ക്ക് ഭീഷണിയായുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതില്‍ സഹോദര രാജ്യമായ സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഒപ്പം നില്‍ക്കുന്നെന്നും, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.  

ബുധനാഴ്ച ജിദ്ദയിലെ ശ്മശാനത്തില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്. മുസ്‌ലിമിതര മതവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ജിദ്ദയിലെ ശ്മശാനത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.