മസ്കറ്റ്: എണ്ണ വില ഇടിഞ്ഞതോടെ ചെലവ് ചുരുക്കല്‍ നടപടികളുമായി ഒമാന്‍ സര്‍ക്കാര്‍. 500 ദശലക്ഷം ഒമാനി റിയാലിന്റെ കുറവ് വരുത്തിക്കൊണ്ട് ഒമാൻ ധനകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. എണ്ണവില ഇനിയും ഇടിഞ്ഞാല്‍ കൂടുതല്‍ ചെലവുചുരുക്കൽ നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.

സിവിൽ, സുരക്ഷ, പ്രതിരോധം എന്നീ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിൽ അഞ്ച് ശതമാനവും രാജ്യത്തിന്റെ വികസന ബജറ്റിൽ നിന്ന് പത്ത് ശതമാനവും കുറയ്ക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 500 ദശലക്ഷം റിയാലിന്റെ കുറവ് പൊതുബജറ്റിൽ വരുത്താനാണ് ഒമാൻ സർക്കാർ ലക്ഷ്യമിടുന്നത്. 

എണ്ണവില 30 അമേരിക്കൻ ഡോളറിൽ താഴെയെത്തിയതിനെ തുടർന്നാണ് ധനകാര്യമന്ത്രാലയം കർക്കശമായ ചെലവുചുരുക്കൽ നടപടികൾക്ക് ഒരുങ്ങിയിരിക്കുന്നത്. ഈ വർഷത്തെ രാജ്യത്തിന്റെ പൊതുബജറ്റിൽ എണ്ണവില 58  ഡോളറായാണ് നിജപ്പെടുത്തിയിരുന്നത്‌. മുൻഗണന അനുസരിച്ച് ചെലവുകളുടെ പുതിയ പട്ടിക  തയ്യാറാക്കുവാനും മന്ത്രാലയം എല്ലാ സർക്കാർ വകുപ്പുകൾക്കും നിര്ദേശം നൽകി.

പുതിയ പദ്ധതികൾക്കും മറ്റു സാമ്പത്തിക ബാധ്യതകൾക്കും ധനകാര്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുവാദം  നേടിയിരിക്കുകയും വേണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ്  ഈ വര്‍ഷത്തെ പൊതുബജറ്റിൽ കുറവുവരുത്തിയതെന്ന് ഒമാൻ ധനകാര്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി .