ഖത്തറിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടമായ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആഴത്തിലുള്ള അനുശോചനം അറിയിച്ചു.
മസ്‌കറ്റ്: ഖത്തർ-തുർക്കി സംയുക്ത സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഈ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആഴത്തിലുള്ള അനുശോചനം അറിയിച്ചു. ഖത്തറിനോടും തുർക്കി റിപ്പബ്ലിക്കിനോടും ഒമാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. ഈ വേദനാജനക സാഹചര്യത്തിൽ സഹോദര രാജ്യങ്ങളോടൊപ്പം ഒമാൻ നിൽക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധൈര്യവും ആശ്വാസവും ലഭിക്കട്ടെയെന്ന പ്രാർത്ഥനയും മന്ത്രാലയം രേഖപ്പെടുത്തി.
സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.


