മസ്‌കറ്റ്: ഒമാനില്‍ ഇപ്പോള്‍ നിലവിലുള്ള രാത്രി യാത്രാ വിലക്ക് നീട്ടുവാനോ അല്ലെങ്കില്‍ രാജ്യം പൂര്‍ണ്ണമായി ലോക്ക്ഡൗണിലേക്ക്  നീങ്ങുവാനോ ഉള്ള തീരുമാനം ഒമാന്‍ സുപ്രിം കമ്മറ്റി കൈക്കൊള്ളുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് അല്‍ സൈദി പറഞ്ഞു. ബി ബി സി അറബിക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഒമാന്‍ ആരോഗ്യ മന്ത്രി .

ഒമാനില്‍ വര്‍ധിച്ചുവരുന്ന പുതിയ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തെ ആരോഗ്യ മേഖലയിലെ മറ്റ് സേവനങ്ങള്‍ അര്‍ധസ്തംഭനാവസ്ഥയില്‍ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 രോഗികളെ പരിചരിക്കുന്നതിന് എല്ലാ മാര്‍ഗ്ഗങ്ങളും  ആരോഗ്യ മേഖല ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഒക്ടോബര്‍ 24 വരെ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ വിലക്ക് നീട്ടുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലാണെന്നും മന്ത്രി അഹ്മദ് മൊഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. ഇതിനകം 111,033 പേര്‍ക്ക് രാജ്യത്ത് കൊവിഡ്  രോഗം പിടിപെട്ടു കഴിഞ്ഞു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 96949ലെത്തി. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഒമാനില്‍ 1122 പേര്‍  കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.