മസ്‍കത്ത്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും  വിദേശികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ  വിദേശ യാത്രകൾ നടത്താവൂ എന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

തിങ്കളാഴ്‍ച 330 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,692 ആയി. ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയടക്കം 1555 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് സംഭവിച്ചു. ആകെ രോഗികളില്‍ 1,30,848 പേരാണ് രോഗമുക്തരായത്. 

94 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 171 പേര്‍ക്കാണ് ആശുപത്രികളില്‍ ചികിത്സ നല്‍കുന്നത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 59 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്.