ഇതോടെ ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം രാജ്യത്ത് 457 ആയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം രാജ്യത്ത് 457 ആയെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. 109 പേര്‍ക്ക് രോഗം ഭേദമാവുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

 കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കത്ത് ഗവര്‍ണറേറ്റ് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കറ്റ് ഗവര്ണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്നും സുപ്രിം കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മത്ര, ബൗഷര്‍, അമറാത്ത്, സീബ്, മസ്‌കത്ത്(പഴയ) ഖുറിയാത്ത് എന്നി ആറ് പ്രവിശ്യകളാണുള്ളത്.