മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി. അതേസേമയം ഇന്ന് 846 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 77,904 ആയി.

പുതിയ രോഗികളില്‍ 75 പേര്‍ പ്രവാസികളും 771 പേര്‍ സ്വദേശികളുമാണ്. ഇതുവരെ 58,587 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1904 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 3,02,397 പരിശോധനകള്‍ രാജ്യത്ത് നടന്നു. ഇന്നലെ 49 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 528 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 181 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  സാമൂഹിക അകലം പാലിക്കുന്നതിന് സുപ്രീം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.