മസ്കറ്റ്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ഒമാൻ എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുന്നു. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളെല്ലാം ഞായറാഴ്ച മുതൽ റദ്ദാക്കും.

മുസന്ദം ഗവർണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ മാർച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു  മണി മുതൽ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ഉള്ള എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഒമാന്‍ അറിയിച്ചു. എന്നാൽ മറ്റു രാജ്യങ്ങളിൽ  കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരും.

ഒമാൻ ദേശിയ വിമാന കമ്പനിയായ ഒമാൻ എയർ മാർച്ച് 29 ഉച്ച മുതൽ മസ്‌കറ്റിലേക്കും പുറത്തേക്കും ഉള്ള എല്ലാ യാത്രാ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതിനോടൊപ്പം  മുസന്ദം ഗവർണറേറ്റിലേക്കും തിരിച്ചു മസ്കറ്റിലേക്കും  ഒമാൻ എയർ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ രീതിയിൽ തുടരുമെന്നും  ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ  അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. കൂടാതെ ഒമാൻ എയറിന്റെ ചരക്ക് നീക്കങ്ങൾ സാധാരണ ഗതിയിൽ തന്നെ പ്രവർത്തിക്കുമെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക