മസ്‍കത്ത് : 2022 മുതൽ വ്യക്തിഗത വരുമാനത്തിന് നികുതി  ചുമത്താൻ ഒമാൻ ഭരണകൂടം ഒരുങ്ങുന്നു. സർക്കാറിന്റെ വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി  2022 മുതൽ ഉയർന്ന വരുമാനക്കാരിൽ നിന്നും ആദായനികുതി ശേഖരിക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ആദായനികുതിയിൽ വരുന്ന വ്യക്തികളുടെ ശമ്പള പരിധി  സർക്കാർ പുറത്തു വിട്ടിട്ടില്ല.

പുതിയ തീരുമാനത്തോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗൾഫ് രാജ്യമായിരിക്കും ഒമാൻ. മൂല്യവർദ്ധിത നികുതി  (വാറ്റ്) 2021 ഏപ്രിൽ മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് കാണിച്ച് ഒമാൻ ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂല്യവർദ്ധിത നികുതി  നടപ്പാക്കുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് ഒമാ.

ചരക്കുകൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താൻ ആറ് ഗൾഫ് രാജ്യങ്ങൾക്കിടയിലും ധാരണയായിട്ടുണ്ട്. സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് ഒമാൻ ഭരണകൂടം നടപ്പാക്കി വരുന്നത്. 2024  ഓടെ  12.1  ശതകോടി  ഒമാനി റിയാലിന്റെ വരുമാനവും 12.6 ശതകോടി റിയാലിന്റെ ചെലവുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക വളർച്ച, വരുമാന സ്രോതസുകൾ, ചെലവ് ചുരുക്കൽ, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ നൽകികൊണ്ടുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. എണ്ണ വിലയിലെ ഇടിവും കൊവിഡ് മഹാമാരി മൂലം ബജറ്റിലുണ്ടായ കമ്മിയും നികത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ.