മസ്കറ്റ്: ഒമാന്‍ സന്ദര്‍ശിക്കുവാനായി 2020 മാര്‍ച്ച് 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ  അനുവദിച്ച  ടൂറിസ്റ്റ് വിസയുടെ കാലാവധി  2021 മാര്‍ച്ച് വരെ നീട്ടി നല്‍കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ മെഹ്റാസി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സന്ദര്‍ശകര്‍ക്ക് ഈ  ടൂറിസ്റ്റ് വിസ 2021മാര്‍ച്ച് വരെ ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന്  മന്ത്രി അഹമ്മദ് അല്‍ മെഹ്റാസി വ്യക്തമാക്കി. 

നിരവധി അന്താരാഷ്ട്ര ടൂറിസം  ഓഫീസുകളും ട്രാവല്‍ ഏജന്‍സികളും മുന്‍കൂര്‍ പണമടച്ചു ഒമാന്‍ സന്ദര്‍ശിക്കുവാനായി വിനോദ സഞ്ചാരികള്‍ക്കായുള്ള  ടൂറിസ്റ്റ് വിസകള്‍ കരസ്ഥമാക്കിയിരുന്നു. എന്നാല്‍  രാജ്യത്ത്  കൊവിഡ് വ്യാപിച്ചതിനാല്‍  ഈ കാലയളവില്‍ വിനോദ  സഞ്ചാരികള്‍ക്ക് ഓമനിലെത്തുവാന്‍ സാധിക്കാത്തതു കൊണ്ട് ഒമാന്‍ ധനകാര്യ മന്ത്രാലയവും റോയല്‍ ഒമാന്‍ പോലീസും ചേര്‍ന്ന് ഈ വിസയുടെ കാലാവധി നീട്ടി നല്‍കുവാന്‍ അനുവദിച്ചതായി മന്ത്രി വിശദമാക്കി.
.