മസ്‍കത്ത്: നിർദ്ദിഷ്ട സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ  ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മസ്‍കത്ത് നഗരസഭ തീരുമാനിച്ചു. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി  മുതൽ വൈകുന്നേരം ആറു മണി വരെ പൊതു ജനങ്ങൾക്കായി വിപണി  പ്രവർത്തിക്കും.

പ്രവേശനം ഗേറ്റ് നമ്പർ 2  വഴിയാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നഗരസഭ ക്രമീകരിച്ചിട്ടുണ്ട്. വെളുപ്പിന് അഞ്ചു മണി മുതൽ രാവിലെ പതിനൊന്നു മണി വരെയായിരിക്കും മൊത്തക്കച്ചവടക്കാർക്കായി  സമയം  അനുവദിച്ചിരിക്കുന്നത്. മൂന്നോ അതിൽ കൂടുതലോ ശേഷിയുള്ള വാഹനങ്ങൾക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ ഒന്നിൽ കൂടിയായിരിക്കുമെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.

കൊവിഡ് വ്യാപനം ഒഴിവാക്കുവാൻ ആവശ്യമായ ശാരീരിക അകലം, മുഖാവരണം ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിങ്ങനെയുള്ള എല്ലാ മുൻകരുതലുകളും വിപണിയിലെത്തുന്നവർ പാലിക്കണമെന്നും മസ്‍കത്ത് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ വിപണിയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഒപ്പം ഒരു വാഹനത്തിൽ രണ്ടു പേര്‍ക്ക് മാത്രമേ വിപണിയിൽ എത്തി സാധനങ്ങൾ വാങ്ങുവാൻ പാടുള്ളുവെന്നും നഗരസഭയുടെ നിർദ്ദേശത്തിൽ പറയുന്നു.