മസ്‍കത്ത്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്‍ത് ഒമാന്‍. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈന്റെ തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചില അറബ് രാജ്യങ്ങള്‍ സ്വീകരിച്ച തന്ത്രപ്രധാന നടപടികള്‍ സമാധാനം സ്ഥാപിക്കാനും പലസ്‍തീന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കുന്നതിനും കാരണമായി മാറുമെന്ന് ഒമാന്‍ പ്രതീക്ഷിക്കുന്നതായി പ്രസ്താവന പറയുന്നു. ഈസ്റ്റ് ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്‍തീന്‍ രാജ്യം സ്ഥാപിതമാവാനും ഇത് സഹായിക്കും. ലോകത്താകമാനവും മിഡില്‍ ഈസ്റ്റില്‍ വിശേഷിച്ചും ശാശ്വതമായ സമാധാനം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരുടെയും അറബ് രാജ്യങ്ങളുടെയും ആവശ്യമായ ദ്വിരാഷ്‍ട്ര പരിഹാരമെന്ന നിര്‍ദേശത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ഒമാന്‍ അഭിപ്രായപ്പെട്ടു.