മസ്‌കറ്റ്: ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ വന്‍ കുറവ്. നിലവില്‍ ഒമാനിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തില്‍ താഴെയാണ് വിദേശികളുടെ ജനസംഖ്യ. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ജനസംഖ്യ ഗണ്യമായി കുറഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് വിദേശികളുടെ ജനസംഖ്യയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

കൊവിഡ് പ്രതിസന്ധിയാണ് പ്രവാസികളുടെ മടങ്ങിപ്പോക്കിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വ്യപാര സ്ഥാപനങ്ങളും മറ്റും അടച്ചിടേണ്ടി വന്നു. നിരവധി കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ദേശീയ സ്ഥിതി വിവര കേന്ദ്രം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ആകെ ജനസംഖ്യയായ 45.36 ലക്ഷത്തിന്റെ 39.9 ശതമാനമാണ് വിദേശി ജനസംഖ്യ. നിലവില്‍ 27.25 ലക്ഷം സ്വദേശികളും 18.1 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. 2017 ഏപ്രില്‍ 26നാണ് വിദേശി ജനസംഖ്യ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. മൊത്തം ജനസംഖ്യയുടെ 46 ശതമാനമായിരുന്നു അന്ന് വിദേശി ജനസംഖ്യ. കഴിഞ്ഞ മാസം മാത്രം 45,000ത്തിലധികം വിദേശികള്‍ ഒമാന്‍ വിട്ട് പോയെന്ന് കണക്കുകള്‍ അടിസ്ഥാനമാക്കി 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ അവസാനം ഒമാനിലെ ജനസംഖ്യ 4,578,016 ആയിരുന്നു. ജൂലൈ 27 ആവുമ്പോഴേക്കും ഇത് 4,536,938 ആയി കുറഞ്ഞു. നിലവില്‍ 18,11,619 വിദേശികളാണ് ഒമാനിലുള്ളത്. മെയ്, ജൂണ്‍ മാസങ്ങളിലായി 37,000 വിദേശികള്‍ ഒമാനില്‍ നിന്ന് മടങ്ങിപ്പോയിരുന്നു.