മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഡിസംബര്‍ അവസാനത്തെ കണക്കു പ്രകാരം 39,413 പേരാണ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍. ഇതില്‍ 68 ശതമാനം പേരും സ്വദേശികളാണ്. 

ആരോഗ്യ മേഖലയിലെ ചെലവുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മസ്‌കറ്റിലുള്‍പ്പെടെ നാല് ഹെല്‍ത്ത് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം തുറന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം 211 ഹെല്‍ത്ത് സെന്ററുകളും കോംപ്ലക്‌സുകളുമാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ളത്. 5049 കിടക്കകളുള്ള 50 ആശുപത്രികളുമുണ്ട്. ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലുമായി കൂടുതല്‍ സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചു. 

1993ന് ശേഷം പോളിയോയും 1991ന് ശേഷം ഡിഫ്തീരിയ കേസുകളും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പതിനായിരത്തില്‍ മൂന്നുപേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങളെ തുടര്‍ന്നും പതിനായിരത്തില്‍ ആറുപേര്‍ പ്രമേഹത്തെ തുടര്‍ന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് കണക്കുകള്‍ പറയുന്നു. ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 25 ശതമാനം ഹൃദ്രോഗം മൂലവും 13 ശതമാനം അര്‍ബുദം മൂലവുമാണ്.