വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണെന്നും അതോരിറ്റി അറിയിച്ചു. 

ഷാര്‍ജ: ഷാര്‍ജയിലെ സ്‍കുളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം (2021-22) മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. എമിറേറ്റിലെ ഭൂരിപക്ഷം അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും ഇതിനോടകം തന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണെന്നും അതോരിറ്റി അറിയിച്ചു. സ്‍കൂള്‍ കാമ്പസുകളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കിയ ശേഷം ക്ലാസുകള്‍ ആരംഭിക്കാനുള്ള വിപുലമായൊരു കര്‍മപദ്ധതിക്ക് അതോരിറ്റി രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം സെ‍പ്‍തംബര്‍ മുതല്‍ എമിറേറ്റിലെ സ്‍കൂളുകളില്‍ 2000 പരിശോധനകള്‍ നടത്തിക്കഴിഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona