മസ്‍കത്ത്: ഒമാനിലെ ദോഫാർ മേഖലയിൽ തുടരുന്ന കാറ്റിലും മഴയിലുമുണ്ടായ വെള്ളപ്പാച്ചിലിൽ രണ്ടു സ്വദേശികൾ കുടുങ്ങുകയും ഒരാൾ മരണപെടുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. അതീവ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പൊലീസ് നിര്‍ദേശം നല്‍കി.

ദോഫാറിലെ ഐൻ അർസാത്തിൽ , മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ രണ്ടു സ്വദേശികൾ അകപ്പെടുകയും ഒരാൾ മരണപ്പെടുകയും ചെയ്‍തതായാണ് ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചത്. കാണാതായ സ്വദേശിക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വാഹനങ്ങളിൽ കുടുങ്ങിയ നിരവധിപ്പേരെ റോയൽ ഒമാൻ പോലീസും ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷപെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ദോഫാർ അൽ വുസ്ത മേഖലകളിൽ കാലാവസ്ഥയിൽ വ്യതിയാനം സംഭവിച്ചു തുടങ്ങിയത്. തുടർന്ന് ശക്തമായ കാറ്റോടും ഇടിയോടും കൂടി വെള്ളിയാഴ്ച മുതൽ പെയ്ത മഴ സലാലയിലെ ധാക്ക, മിര്‍ബാത്, റായ്‌സൂത് സദാ എന്നിവടങ്ങളിലെ താഴ്‍ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

ഈ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട റോഡുകളിലെ ഗതാഗതം മുടങ്ങുകയും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. മുൻകരുതൽ നടപടികളുടെ ഭാഗമായി 'സദാ'യിലെ സർക്കാർ ആശുപത്രിയിലെ രോഗികളെ സലാല ഖാബൂസ്  ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ എല്ലാ സന്നാഹങ്ങളും ജാഗ്രതയോടെ പ്രവർത്തിച്ചുവരുന്നതായും ദുരന്ത നിവാരണ സേന വ്യക്തമാക്കി.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാനിലെ 'ദോഫാർ' അൽ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമർദം മൂലം ശക്തമായ കാറ്റോടു കൂടിയ  കനത്ത മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. തിരമാലകൾ നാലു മുതൽ അഞ്ചു മീറ്റർ ഉയരുവാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ  റോയൽ ഒമാൻ പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.