ഒരു മലയാളി ഉൾപ്പെടെ പതിനൊന്നു  വിദേശികളും അഞ്ച് ഒമാൻ സ്വദേശികളുമാണ് കൊവിഡ് 19   മൂലം ഒമാനിൽ   മരണപ്പെട്ടത്. ഇതിനിടെ ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിരുന്നു

മസ്ക്കറ്റ്: ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 16 ആയി. 43 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധ മൂലം മരണപെട്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ഒരു മലയാളി ഉൾപ്പെടെ പതിനൊന്നു വിദേശികളും അഞ്ച് ഒമാൻ സ്വദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനിൽ മരണപ്പെട്ടത്.

ഇതിനിടെ ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നിരുന്നു. ഇന്ന് 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തിയെന്നും 1025 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

അതേസമയം, പ്രവാസികളുമായി ഒമാനില്‍ നിന്നുള്ള ആദ്യ വിമാനം നാളെ കൊച്ചിയിലെത്തും. മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് മസ്‌കറ്റ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു. 

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച വൈകുന്നേരം 4.15ന് പുറപ്പെടുന്ന വിമാനത്തില്‍ 180 യാത്രക്കാര്‍ ഉണ്ടാകുമെന്നും മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അനൂജ് സ്വരൂപ് 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു. ഒമാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നും മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.