കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ റെന്റ് എ കാർ കമ്പനിയിൽ ആയിരുന്നു ജോലി. മെയ് 11നാണു കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

രാജ്യത്ത് 232 ഇന്ത്യക്കാർ ഉൾപ്പെടെ 841 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കൂടി മരിച്ചതോടെ കൊവിഡ് മരണം 118 ആയി. 841 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15691 ആയി. 246 പേരാണ് പുതുതായി രോഗമുക്തി നേടിയത്. 248,314 പേർനീരീക്ഷണത്തിലുണ്ട്. അതിനിടെ കൊവിഡ് പ്രതിരോധത്തിനായി കുവൈത്ത് റാൻഡം അടിസ്ഥാനത്തിൽ പരിശോധന നടത്തും.

ആറ് ഗവർണേറ്റുകളിൽ നിന്നും പ്രതിദിനം 180 പേർക്കാണ് കൊവിഡ് പരിശോധന നടത്തുക. ഏതെങ്കിലും ഭാഗത്ത് രോഗവ്യാപനം ഉണ്ടോയെന്ന് അറിയാനാണിത്. ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ് പരിശോധിക്കേണ്ടവ വരെ തെരെഞ്ഞെടുക്കുക. അതേ സമയം വന്ദേ ഭാരത് മിഷൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം കണ്ണൂർ ക്ക് നാളെ സർവ്വീസ് നടത്തും. 

ആകെ മൂന്ന് സർവ്വീസുകളാണ് രണ്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ളത്. തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റ് രണ്ട് സർവ്വീസുകൾ. ഗർഭണികളും, രോഗികളും, ജോലി നഷ്ടപ്പെട്ടവരുമടക്കം ആയിരക്കണക്കിനാളുകൾ എംബസിൽ രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ മൂന്ന് വിമാന സർവ്വീസ് തീർത്തും അപര്യാപ്തമാണെന്നാണ് ആരോപണം.