കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നുള്ളത് ആശ്വാസം പകരുന്നതാണ്.

രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബുതാനിയ അല്‍ മുദാഫ് പറഞ്ഞു.  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവാസികള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകുന്നതിന് ഒരു വിലക്കുമില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ കുവൈത്തി പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അവര്‍ക്കും നല്‍കും. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതര്‍ അറിയിച്ചു.