ദീര്‍ഘമായ പ്രതിസന്ധികള്‍, സാമൂഹിക അസ്വസ്ഥതകള്‍, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി സ്രോതസ്സുകളുടെ ദൗര്‍ലഭ്യം, കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം എന്നിവ ഏല്‍പ്പിച്ച ആഘാതങ്ങള്‍ തുടങ്ങിയവയാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്ക്: അറബ് ലോകത്തെ(Arab World) 42 കോടി ജനസംഖ്യയില്‍ (population)മൂന്നിലൊന്ന് പേരും പട്ടിണി മൂലം ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷന്‍സ്(United Nations). യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്എഒ) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2019നും 2020നും ഇടയ്ക്ക് അറബ് മേഖലയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 48 ലക്ഷത്തിന്റെ വര്‍ധനവാണുണ്ടായത്. ഇതോടെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ആളുകള്‍ 6.9 കോടിയായി. ഇത് ജനസംഖ്യയുടെ 16 ശതമാനം വരും. ദീര്‍ഘമായ പ്രതിസന്ധികള്‍, സാമൂഹിക അസ്വസ്ഥതകള്‍, സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി സ്രോതസ്സുകളുടെ ദൗര്‍ലഭ്യം, കൊവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം എന്നിവ ഏല്‍പ്പിച്ച ആഘാതങ്ങള്‍ തുടങ്ങിയവയാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷബാധിത രാജ്യങ്ങളിലും ഇത് നേരിട്ട് ബാധിക്കാത്ത രാജ്യങ്ങളിലും എല്ലാ വരുമാന നിലകളിലുമുള്ള ആളുകളില്‍ പോഷകാഹാരക്കുറവ് വര്‍ധിച്ചിട്ടുണ്ടെന്ന് എഫ്എഒ വ്യക്തമാക്കി.

ഇത് കൂടാതെ ഏകദേശം 141 ദശലക്ഷം ആളുകള്‍ക്ക് 2020ല്‍ ആവശ്യമായ ഭക്ഷണം ലഭിച്ചിട്ടില്ല. 2019നെ അപേക്ഷിച്ച് ഒരു കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. കൊവിഡ് മഹാമാരി ഈ ജനങ്ങളില്‍ മറ്റൊരു വലിയ ആഘാതാമണ് ഏല്‍പ്പിച്ചത്. ഇതോടെ മേഖലയിലെ പോഷകാഹാരക്കുറവുള്ള ആളുകളുടെ 2019നെ അപേക്ഷിച്ച് എണ്ണം 48 ലക്ഷം വര്‍ധിച്ചു. 

സംഘര്‍ഷങ്ങളാണ് മേഖലയിലെ പട്ടിണിക്ക് പ്രധാന കാരണമായി തുടരുന്നത്. 5.34 കോടി ജനങ്ങള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പട്ടിണിയുടെ ദുരിതമനുഭവിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ബാധിക്കാത്ത രാജ്യങ്ങളിലേക്കാള്‍ ആറ് മടങ്ങ് കൂടുതലാണിതെന്ന് എഫ്എഒയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും കിഴക്കന്‍ പ്രദേശങ്ങളുടെയും നോര്‍ത്ത് ആഫ്രിക്കയുടെയും മേഖലാ പ്രതിനിധിയുമായ അബ്ദുള്‍ ഹക്കീം ഇല്‍വാര്‍ പറഞ്ഞു. സംഘര്‍ഷ ബാധിത മേഖലകളായ സൊമാലിയയും യെമനുമാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങള്‍. ഏകദേശം 60 ശതമാനം സൊമാലിയക്കാര്‍ക്ക് പട്ടിണിയിലായെന്നും 45 ശതമാനത്തിലേറെ യെമനികള്‍ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2020ല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അനീമിയ ബാധിച്ചത് യെമനിലാണ്. പ്രത്യുല്‍പ്പാദന പ്രായത്തിലുള്ള 61.5 ശതമാനം സ്ത്രീകളെ ഇത് ബാധിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ അറബ് മേഖലയില്‍ പട്ടിണി 91.1 ശതമാനം കൂടിയതായി എഫ്എഒ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു.