യുഎഇ സാമ്പത്തികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനമെന്ന് നിസാന്‍ വാഹനങ്ങളുടെ മിഡില്‍ ഈസ്റ്റ് ഡിസ്ട്രിബ്യൂട്ടര്‍ അല്‍ മസഉദ് ഓട്ടോമൊബൈല്‍സ് അറിയിച്ചു. 

അബുദാബി: യുഎഇയില്‍ വിറ്റഴിച്ച 5315 കാറുകള്‍ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ അറിയിച്ചു. 2010നും 2013നും ഇടയ്ക്ക് വിപണിയിലെത്തിച്ച നിസാന്‍ ടിഡ കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

ഈ മോഡല്‍ വാഹനങ്ങളുടെ എയര്‍ ബാഗുകളില്‍ തകരാറുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. യുഎഇ സാമ്പത്തികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനമെന്ന് നിസാന്‍ വാഹനങ്ങളുടെ മിഡില്‍ ഈസ്റ്റ് ഡിസ്ട്രിബ്യൂട്ടര്‍ അല്‍ മസഉദ് ഓട്ടോമൊബൈല്‍സ് അറിയിച്ചു. അന്തരീക്ഷത്തിലെ ഈര്‍പ്പവും മാറിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന താപനിലയും കാരണം പാസഞ്ചര്‍ എയര്‍ബാഗുകളുടെ ഇന്‍ഫ്ലേറ്റര്‍ പ്രൊപ്പലന്റുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്.

വാഹനങ്ങള്‍ തിരിച്ചുവിളിച്ച് എയര്‍ ബാഗുകള്‍ പരിശോധിക്കുകയും ആവശ്യമായ ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച വാഹനങ്ങളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും എന്ത് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്യുമെന്ന് ഡിസ്ട്രിബ്യൂട്ടര്‍ അറിയിച്ചു. 2019 ജൂണില്‍ യുഎഇയില്‍ നിസാന്‍ മറ്റൊരു മോഡലിലെ 16,365 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. എഞ്ചിന്‍ റൂമില്‍ നിന്നുണ്ടാവുന്ന പ്രത്യേക ശബ്ദം ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി.