കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്. ദിവസേന ഒരു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കാറുണ്ട്.

അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 42 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. 100 പേരില്‍ 42.48 പേര്‍ വീതം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്. ദിവസേന ഒരു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വാക്‌സിന്‍ എത്തിച്ച് അതുവഴി കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതേസമയം യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 4,041 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,23,402 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 3,01,081 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് മരണപ്പെട്ടത്. 21,407 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.