എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പവലിയനുകളിലൊന്നാണ് ഇന്ത്യയുടേതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു.  

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(India Pavilion) സന്ദര്‍ശകരുടെ എണ്ണം ആറു ലക്ഷം കടന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോ 83 ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. 

ഈ വിവരം ഇന്ത്യന്‍ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പവലിയനുകളിലൊന്നാണ് ഇന്ത്യയുടേതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. 

ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവലിയനില്‍ നിരവധി നിക്ഷേപ സാധ്യതകള്‍ക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്.അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ബാഹ്യരൂപകല്‍പ്പന. രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 പ്രമേയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശന പരിപാടികള്‍ നടക്കുക. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉള്‍ക്കൊള്ളലും, സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം എന്നിവ ഉള്‍പ്പെടുന്നതാണ് വിവിധ പ്രമേയങ്ങള്‍. ഇന്ത്യ ഊന്നല്‍ നല്‍കുന്ന ഐ ടി, സ്റ്റാര്‍ട്ടപ്പുകള്‍ അടങ്ങുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന്‍ ഹബ്' പവലിയനിലെ മറ്റൊരു ആകര്‍ഷണമാണ്.

നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍(UAE) പ്രവേശന വിലക്ക്(Entry ban) ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. അതേസമയം യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് തുടരും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ 25 ശനിയാഴ്ച രാത്രി 7.30 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ യുഎഇയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.