പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു കൊണ്ട്‌ ചർച്ചയിൽ പങ്കെടുത്ത ജോയിന്റ്‌ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥൻ മേശപ്പുറത്ത്‌ കിടന്ന പേഴ്സ് തഞ്ചത്തിൽ അടിച്ചു മാറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും കണ്ടെത്തി. 

കുവൈത്ത്‌ സിറ്റി : പാകിസ്ഥാൻ സന്ദർശ്ശിക്കുന്ന കുവൈത്ത്‌ വ്യവസായ മന്ത്രാലയ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥന്റെ പേഴ്സ് മോഷ്ടിച്ച പാകിസ്ഥാൻ സർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥൻ പിടിയിൽ. പാക്കിസ്ഥാനിലെ നിക്ഷേപ സമാഹരണ വിഭാഗത്തിലെ ജോയിന്റ്‌ സെക്രട്ടറി പദവിയിലുള്ളഉദ്യോഗസ്ഥനാണു പിടിയിലായത്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

രണ്ടു ദിവസത്തെ പാകിസ്ഥാൻ കുവൈത്ത്‌ മിനിസ്റ്റീരിയൽ തല ചർച്ചകൾക്ക്‌ പാകിസ്ഥാനിൽ എത്തിയതായിരുന്നു കുവൈത്ത്‌ വ്യവസായ മന്ത്രാലയത്തിലെ പ്രതിനിധി സംഘം. ആദ്യ ദിവസത്തെ ചർച്ചകൾക്ക്‌ ശേഷം റൂമിൽ എത്തിയ കുവൈത്ത്‌ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥന്റെ പേഴ്സ് ചർച്ചകൾക്കിടയിൽ മേശപ്പുറത്ത്‌ മറന്നു വച്ചതായി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ പേഴ്സ് കണ്ടെത്താനായില്ല.

ഒടുവിൽ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു കള്ളി വെളിച്ചത്തായത്‌. പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു കൊണ്ട്‌ ചർച്ചയിൽ പങ്കെടുത്ത ജോയിന്റ്‌ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥൻ മേശപ്പുറത്ത്‌ കിടന്ന പേഴ്സ് തഞ്ചത്തിൽ അടിച്ചു മാറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും കണ്ടെത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതോടെ മോഷ്ടിക്കപ്പെട്ട പേഴ്സും പണവും തിരികെ നൽകുകയായിരുന്നു. പിന്നീട്‌ ഇയാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. സംഭവം രാജ്യത്തിനും തങ്ങൾക്കും അത്യധികം അപമാനകരമായി പോയി എന്നാണു ഇത്‌ സംബന്ധിച്ച്‌ പാക്കിസ്ഥാൻ ഉദ്യോഗസ്ത്ഥർ പ്രതികരിച്ചത്‌.