കുവൈത്ത് സിറ്റി: സ്വകാര്യ ശരീര ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പാകിസ്ഥാനി നടന് കുവൈത്തില്‍ ശിക്ഷ. രണ്ട് വര്‍ഷം കഠിന തടവും 1000 കുവൈത്തി ദിനാര്‍ പിഴയുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.

അന്വേഷണത്തിനിടെ നടന്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തന്റെ സ്‍നാപ്പ്ചാറ്റ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അജ്ഞാതനായ ഹാക്കറാണ് അശ്ലീല ദൃശ്യങ്ങള്‍ അതിലൂടെ പ്രചരിപ്പിച്ചതെന്നും ഇയാള്‍ വാദിച്ചിരുന്നു. കേസില്‍ അന്വേഷണം നടത്തിയ സൈബര്‍ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുമാന്യതകളെ അവഹേളിക്കുക, മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുക, ഫോണ്‍ ദുരുപയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്.