ദുബായ്: മകളെന്ന വ്യാജേന 13 വയസുകാരിയെ ദുബായിലെത്തിച്ച് പെണ്‍വാണിഭം നടത്തിയയാള്‍ക്കെതിരെ യുഎഇയില്‍ വിചാരണ തുടങ്ങി. 49കാരനായ പാകിസ്ഥാന്‍ പൗരനാണ് തന്റെ രാജ്യക്കാരി കൂടിയായ പെണ്‍കുട്ടിയെ യുഎഇയിലെത്തിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്ന ഇടപാടുകാരന് പെണ്‍കുട്ടിയോട് പ്രണയം തോന്നിയതോടെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഇയാള്‍ക്കെതിരെയും 13കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കേസെടുത്തിട്ടുണ്ട്.

ദുബായിലെ അബു ഹൈലിലാണ് പാകിസ്ഥാന്‍ പൗരന്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. മറ്റ് രണ്ട് സ്ത്രീകളെയും ഇവിടെ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വന്തം മകളെന്ന വ്യാജേന രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കൊണ്ടുവന്നത്. നാട്ടില്‍ വെച്ചും യുഎഇയില്‍ എത്തിയതിന് ശേഷവും ഇയാള്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ദിവസവും 11 പേരുമായി വരെ ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതില്‍ പല രാജ്യക്കാരുമുണ്ടായിരുന്നു. വിസമ്മതിച്ചാല്‍ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.

ഇതിനിടെ പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന 25 വയസുകാരനായ യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയും പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള വഴികള്‍ തേടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഈ യുവാവിനെ ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്നാണ് യുവാവ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതിക്ക് പുറമെ മറ്റ് രണ്ട് സ്ത്രീകളെയും പിടികൂടി. പ്രതി, പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇവരും പൊലീസിനോട് പറഞ്ഞു. പാകിസ്ഥാന്‍ സ്വദേശികളായ ഈ സ്ത്രീകളെയും രണ്ട് ലക്ഷം രൂപ വീതം നല്‍കിയാണ് ഇയാള്‍ ഇവിടെയത്തിച്ചത്.

മനുഷ്യക്കടത്ത്, പെൺവാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രതി പറഞ്ഞു. എന്നാല്‍ പെണ്‍വാണിഭ കേന്ദ്രം നടത്താനായാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നതെന്ന് ഇയാള്‍ സമ്മതിച്ചു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.