കൊച്ചി: പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെ എം സി സിക്ക് വേണ്ടി ഷഹീർ ആണ് ഹർജി നൽകിയത്. കേരളത്തിന്‌ പുറത്ത് ഇത്തരം നിബന്ധനകൾ ഇല്ലെന്നു ഹർജിക്കാരൻ പറയുന്നു. 

ഇതേ ആവശ്യം ഉന്നയിച്ചു റെജി താഴ്‌മൺ നൽകിയ ഹർജിയും കോടതിയുടെ പരിഗണയിൽ ഉണ്ട്. എന്നാൽ പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. 

അതേ സമയം പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നകാര്യത്തിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസമിരിക്കും. രാവിലെ 9 മണിക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും.

അതേ സമയം ആരോഗ്യനിരീക്ഷണത്തിന് ശേഷം മാത്രമാണ് വന്ദേഭാരത് ദൗത്യം വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്രം പറയുന്നത്. പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന കേരളത്തിൻറെ ആവശ്യത്തിനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. 

പക്ഷെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന ആവശ്യത്തിൽ കൃത്യമായ മറുപടിയില്ല. പരിശോധനക്ക് സൗകര്യം ഇല്ലാത്ത സൗദി,കുവൈറ്റ്, ബഹ്റിൻ,ഒമാൻ എന്നീ രാജ്യങ്ങളിൽ കേരളം ഇടപെട്ട് ട്രൂ നാറ്റ് പരിശോധനാ കിറ്റ് ഏർപ്പെടുത്തുമെന്നാണ് സംസ്ഥാനത്തിന്‍റെ പുതിയ വാഗ്ദാനം. പക്ഷെ വിമാനകമ്പനികളുടേയും എംബസ്സികളുടേയും കൂടി അനുവാദം വേണം.

വന്ദേഭാരതിൽ കേന്ദ്രം നിലവിലെ രീതി തന്നെ തുടരുമെന്ന സൂചന കിട്ടുമ്പോഴും ചാർട്ടർ വിമാനത്തിൽ വരന്നവർക്കാകും പ്രതിസന്ധി. മറ്റന്നാൾ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം എന്നാണ് സംസ്ഥാനത്തിൻറെ നിലപാട്. ട്രൂനാറ്റ് കിറ്റ് എല്ലാ രാജ്യങ്ങളിലും സംസ്ഥാനം എങ്ങിനെ എത്തിക്കുമെന്നതിൽ വ്യക്തതവരാനുണ്ട്. ട്രൂ നാറ്റ് പരിശോധനാ നടത്തിയാൽ തന്നെ പൊസിറ്റീവായ ആളുകളുടെ മടക്കമാണ് പ്രശ്നം.