അബുദാബി: ജൂണ്‍ 21 ഞായറാഴ്ച മൂന്ന് മണിക്കൂറോളം യുഎഇയില്‍ ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മൊറോക്കോ, മൗറിത്താനിയ എന്നിവ ഒഴികെയുള്ള അറബ് രാജ്യങ്ങളിലെല്ലാം ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് അബുദാബിയിലെ  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പ്രതിനിധി മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു. അതേസമയം സുഡാന്‍, യെമന്‍,  സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളില്‍ വലയഗ്രഹണം തന്നെ ദൃശ്യമാകും.

രാവിലെ 8.14 മുതല്‍ 11.12 വരെ യുഎഇയില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് യുഎഇ ബഹിരാകാശ ഏജന്‍സി അറിയിച്ചത്. അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം, ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് എന്നിവ ഗ്രഹണ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.

ഗ്രഹണം വീക്ഷിക്കുന്നതിനുള്ള പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെയല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലോഹ നിര്‍മിത ടെലസ്‍കോപ്പുകള്‍ മാത്രമേ ഇതിനായി ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ടെലസ്‍കോപ്പുകള്‍ അനിയോജ്യമല്ല. ടെലസ്‍കോപ്പുകള്‍ക്ക് തകരാറുകളുണ്ടോയെന്ന് ഗ്രഹണം വീക്ഷിക്കുന്നതിന് മുമ്പ് പരിശോധിക്കണം. സണ്‍ ഗ്ലാസുകള്‍, ഫോട്ടോഗ്രാഫിക് ഫിലിമുകള്‍, പോളറൈസറുകള്‍, ജെലാറ്റിന്‍ ഫില്‍റ്ററുകള്‍, സി.ഡികള്‍, സ്മോക്ഡ് ഗ്ലാസുകള്‍ എന്നിവയിലൂടെ ഗ്രഹണം കാണരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.