ചൈനയിൽ നിന്നും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുമായി കുവൈത്തിലെത്തിയ യാത്രക്കാരനെ ടി4 ടെർമിനലിൽ വെച്ച് എയർപോർട്ട് കസ്റ്റംസ് പിടികൂടി. ഇയാളുടെ മൂന്ന് ബാഗുകളിൽ നിന്നായി വസ്ത്രങ്ങൾ, വാച്ചുകൾ, ചെരുപ്പുകൾ എന്നിവയുൾപ്പെടെയുള്ള വ്യാജ സാധനങ്ങളും വിവിധ രാജ്യങ്ങളിലെ കറൻസികളും കണ്ടെടുത്തു. സംഭവത്തിൽ അധികൃതർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: ചൈനയിൽ നിന്നും വ്യാജ ഉൽപ്പന്നങ്ങളുമായി കുവൈത്തിൽ എത്തിയ യാത്രക്കാരനെ എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടി. ടി4 ടെർമിനലിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകൾക്കിടയിൽ യാത്രികന്റെ ലഗേജുകളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കള്ളക്കടത്ത് പുറത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസ്ത്രങ്ങൾ, വാച്ചുകൾ, ചെരുപ്പുകൾ, മറ്റ് ആക്സസറികൾ എന്നിവയുൾപ്പെടെയുള്ള വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ അടങ്ങിയ മൂന്ന് ബാഗുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന് പുറമെ ഇയാളുടെ പക്കൽ നിന്നും വിവിധ രാജ്യങ്ങളുടെ കറൻസി ശേഖരവും കണ്ടെടുത്തു. നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഈ തുക കൈകാര്യം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ, വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി തുടർനടപടികൾ പൂർത്തിയാക്കാൻ പ്രത്യേക റിപ്പോർട്ടും തയ്യാറാക്കി വരികയാണ്. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുമെന്നും നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്നും കസ്റ്റംസ് ഡയറക്ടറേറ്റ് ആവർത്തിച്ചു വ്യക്തമാക്കി. പ്രാദേശിക വിപണികളെ സംരക്ഷിക്കുന്നതിനും, യഥാർത്ഥ ബ്രാൻഡ് ഉടമകളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും, അതുവഴി സമൂഹത്തിന്റെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത്തരം കർശന നടപടികൾ സഹായകരമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.