ഷാര്‍ജയില്‍ ജനുവരി മൂന്ന് മുതല്‍ തന്നെ സ്‍കൂളുകള്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ: ഷാര്‍ജ (Sharjah) എമിറേറ്റിലെ സ്‍കൂളുകളിലും നഴ്‍സറികളിലും കോളേജുകളിലും അവധിക്ക് ശേഷം ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ (In-Person learning) തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സ്‍കുളുകള്‍ എല്ലാ കൊവിഡ് പ്രതിരോധ സുരക്ഷാ നടപടികളും (Covid precautions) സ്വീകരിക്കണമെന്നും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി (Sharjah Private Education Authority) അറിയിച്ചിട്ടുണ്ട്.

സ്‍കൂളിലെ അധ്യാപകരും ജീവനക്കാരും 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. 96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. പാഠ്യേതര പ്രവര്‍ത്തനങ്ങളും അസം‍ബ്ലിയും സ്‍കൂള്‍ ട്രിപ്പുകള്‍ പോലുള്ളവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്‍ക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അവധിക്ക് ശേഷം യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാം ടേം ക്ലാസുകള്‍ ജനുവരി മൂന്ന് മുതല്‍ തുടങ്ങാനിരിക്കവെ, രണ്ടാഴ്‍ച കൂടി ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ അതത് എമിറേറ്റുകളിലെ ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റികള്‍ പിന്നീട് പ്രത്യേകം അറിയിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു. രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കുമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചെങ്കിലും ജനുവരി മൂന്ന് മുതല്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ദുബൈ, ഷാര്‍ജ എമിറേറ്റുകളിലെ അറിയിപ്പ്.