Asianet News MalayalamAsianet News Malayalam

വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രാനുമതി പ്രാബല്യത്തില്‍; സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍വീസ്

സൗദി ഇഖാമയുള്ള, സൗദിയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാണ് യാത്രാവിലക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയാന്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്.

permission to enter saudi for people from banned countries came into effect
Author
Riyadh Saudi Arabia, First Published Aug 25, 2021, 11:19 PM IST

റിയാദ്: കൊവിഡ് സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നല്‍കാനുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍. സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാന്‍ നല്‍കുന്ന ഈ ഇളവ് പ്രാബല്യത്തിലായതായി സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇതനുസരിച്ച് ഈജിപ്ത് എയര്‍ സൗദിയിലേക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാവിലക്ക് ഉള്ള രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. അവരുടെ ദേശീയ വിമാന കമ്പനിയാണ് സര്‍വീസ് പുനരാരംഭം പ്രഖ്യാപിച്ചത്. വിലക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും. എന്നാല്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല. കൊവിഡ് പൊട്ടിപുറപ്പെട്ടത് മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തില്‍ ഇളവ് വരുത്തുകയാണെന്നും സൗദിയില്‍ നിന്ന് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ചുവരാമെന്നും സര്‍ക്കുലറില്‍ പറയുന്നു. സൗദി ഇഖാമയുള്ള, സൗദിയില്‍ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാണ് യാത്രാവിലക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയാന്‍ നിശ്ചയിച്ചിരിക്കുന്ന മുഴുവന്‍ വ്യവസ്ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്.

ഇതില്‍ വീഴ്ച വരുത്തിയാല്‍ ഗവണ്‍മെന്റ് ഉത്തരവ് അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പുതിയ തീരുമാനം പ്രാബല്യത്തിലായെങ്കിലും ഇന്ത്യയെ പോലുള്ള യാത്രനിേരാധമുള്ള രാജ്യങ്ങളില്‍ നിന്ന് എങ്ങനെ സൗദിയിലേക്ക് യാത്ര ചെയ്യും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ യാത്രാനിരോധനമുള്ളതിനാല്‍ റെഗുലര്‍ വിമാന സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios