Asianet News MalayalamAsianet News Malayalam

ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാം; സൗദിയില്‍ ഭാഗിക അനുമതി

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനാണ് അനുമതി

permission to transfer sponsorship to domestic workers in saudi arabia
Author
Riyadh Saudi Arabia, First Published Feb 2, 2020, 11:51 PM IST

റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനു തൊഴിൽ മന്ത്രാലയത്തിന്‍റെ അനുമതി. തൊഴിൽ മന്ത്രാലയത്തിന്‍റെ ഓഫീസുകൾവഴി മാത്രമാവും ഇത് സാധ്യമാവുകയെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അനുമതിയില്ല. എന്നാൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനാണ് തൊഴിൽ മന്ത്രാലയം ഇപ്പോൾ അനുമതി നൽകിയത്. എന്നാലിതിന് ഇവരുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുതുക്കിയതാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമല്ലാത്തതിനാലാണ് ഈ വ്യവസ്ഥ. സ്ഥാപനങ്ങളിലേക്ക് സ്പോസർഷിപ്പ്‌ മാറ്റുന്നതിനും നിലവിലെ പ്രൊഫഷൻ മാറ്റാനും തൊഴിലാളി സമ്മതപത്രം നൽകിയിരിക്കണം. പ്രൊഫഷൻ മാറ്റ നടപടി പൂർത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യില്ലെന്ന് സത്യവാങ് മൂലം നൽകണം.അറബി അറിയാത്ത തൊഴിലാളികൾ നൽകുന്ന സമ്മതപത്രം വിവർത്തനം ചെയ്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.

എന്നാൽ സ്ഥാപനങ്ങളുടെ പേരിലുള്ള ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് വ്യക്തികളുടെ പേരിലേക്ക്  മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം സ്‌പോൺസർഷിപ്പ് മാറ്റുകവഴി സ്വകാര്യ സ്ഥാപനം നിതാഖത്ത് പ്രകാരം ഇടത്തരം പച്ചയിൽ നിന്ന് താഴേക്ക് പോകാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

Follow Us:
Download App:
  • android
  • ios