ആറ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തിലേക്കുള്ള പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ഡീസലിന് വില കുറഞ്ഞു. തുടര്‍ച്ചയായി മൂന്നാം മാസമാണ് പെട്രോള്‍ വില വര്‍ധിക്കുന്നത്. ആറ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

യുഎഇയിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. 2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്.

Read Also - ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിക്കുന്നില്ല; വിമാനത്താവളങ്ങളിൽ നിന്ന് 418 ഡ്രൈവർമാരെ പിടികൂടി

ഇ- പ്ലസ് കാറ്റഗറി 91 പെട്രോൾ ലിറ്ററിന്‍റെ വില 2.85 ദിർഹത്തിൽ നിന്ന് 2.96 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്